Powered by Blogger.

Saturday 1 November 2014

വിദ്യാഭ്യാസ അവകാശനിയമം

ലേഖനത്തിന്റെ ഒടുവില്‍ PDF രൂപം ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യമുണ്ട്
എന്താണ് ഈ വിദ്യാഭ്യാസ അവകാശനിയമം.(The Right of Children to free and compulsory education bill 2008)  ?
ആറു മുതല്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്ക്‌ വിദ്യാഭ്യാസം സൗജന്യവും നിര്‍ബന്ധവുമാക്കുന്നതാണ്‌ വിദ്യാഭ്യാസ അവകാശനിയമം. (The Right of Children to free and compulsory education bill 2008).2008ല്‍ പാര്‍ലമെന്റില്‍ ഈ ബില്‍ അവതരിപ്പിക്കപ്പെട്ടു. 2009 ആഗസ്‌ത്‌ 26ന്‌ രാഷ്‌ട്രപതി ഒപ്പുവെച്ചതോടെ നിയമമായി. 2010 ഏപ്രില്‍ 1 മുതല്‍ രാജ്യത്ത്‌ പ്രാബല്യത്തില്‍ വരികയും ചെയ്‌തു.6 വയസ്സിനും 14 വയസ്സിനും മദ്ധ്യേയുള്ള എല്ലാ കുട്ടികള്‍ക്കും നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസത്തിന് അവകാശമുണ്ട്. ഇത് ഭരണഘടനയുടെ 21 എ വകുപ്പ് 86-ാമത് ഭരണഘടനാഭേദഗതി പ്രകാരം കൂട്ടിച്ചേര്‍ത്തതാണ്. ഈ ഭേദഗതി വിദ്യാഭ്യാസത്തിനുള്ള അവകാശത്തിന് പ്രാമുഖ്യം നല്‍കുന്നു. എല്ലാ സര്‍ക്കാര്‍ സ്കൂളുകളും മാനേജ്മെന്‍റ് കമ്മിറ്റികള്‍ (SMC) മേല്‍നോട്ടം വഹിക്കുന്നതുമായ സ്കൂളുകളും കുട്ടികള്‍ക്ക് സൗജന്യമായ വിദ്യാഭ്യാസം പ്രധാനം ചെയ്യേണ്ടതാണ്. സ്വകാര്യ സ്കൂളുകള്‍ മൊത്തം കുട്ടികളില്‍ ചുരുങ്ങിയത് 25 % പേര്‍ക്കെങ്കിലും യാതൊരുവിധ ഫീസും ഈടാക്കാതെ പ്രവേശനം നല്‍കേണ്ടതാണ്.
കുട്ടിയെ ശാരീരിക പീഡനം ഏല്‍പിക്കുകയോ, പുറത്താക്കുകയോ, തടഞ്ഞു വയ്ക്കുകയോ ചെയ്യുന്നതും അധ്യാപകരെ സെന്‍സന്‍സ് തെരഞ്ഞെടുപ്പ് ഡ്യൂട്ടി, ദുരന്തനിവാരണം എന്നിവയൊഴികെ മറ്റു വിദ്യാഭ്യാസേതര കാര്യങ്ങള്‍ക്ക് നിയോഗിക്കുകയോ ചെയ്യുന്നതും ഈ ബില്ല് തടയുന്നു. അംഗീകാരമില്ലാതെ സ്കൂള്‍ നടത്തുന്നത് നിയമനടപടികള്‍ക്ക് വിധേയമാകുന്നതാണ്.
വിദ്യാഭ്യാസ അവകാശനിയമം 2009

ആറ് മുതൽ പതിന്നാല് വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്ക്‌ .എല്ലാവര്‍ക്കും അടിസ്ഥാന വിദ്യാഭ്യാസം,സൗജന്യവും നിര്‍ബന്ധവു മാക്കുന്നതിനായി ഇന്ത്യന്‍ പാര്‍ലമെന്റ് ആവിഷ്ക്കരിച്ചനിയമമാണ് വിദ്യാഭ്യാസ അവകാശനിയമം ( RTE Act)  2009 ഓഗസ്റ്റ്‌ 4 നു ഇന്ത്യന്‍ പാര്‍ലമെന്‍റ് ഈ നിയമം പാസ്സാക്കുകയുണ്ടായി . 2010 ഏപ്രില്‍ ഒന്നിന് ഈ നിയമം പ്രാബല്യത്തില്‍ വന്നു. ഇന്ത്യ ചരിത്രത്തിലെ സുപ്രധാനമായ ഒരു നിയമ നിര്‍മാണമാണിത് .നമ്മുടെ ജനസംഖ്യയുടെ 40 ശതമാനം 18 വയസ്സിനു താഴെയുള്ള കുട്ടികളാണ്. കുട്ടികളിള്‍ പകുതിയും 6നും 14നും ഇടയിലുള്ളവർ. ഇതില്‍ ലക്ഷകണക്കിന് കുട്ടികള്‍ സ്കൂളില്‍ എത്തുന്നില്ലെന്നാണ് യുനിസെഫ്‌ (രണ്ടാം ലോക മഹായുദ്ധത്തിലെ കെടുതികള്‍ അനുഭവിച്ച രാജ്യത്തിലെ കുട്ടികള്‍ക്ക് ഭക്ഷണവും അടിസ്ഥാന സൗകര്യങ്ങളും നല്‍കുക എന്ന ലക്ഷ്യത്തോടെ '1946 ഡിസംബര്‍ 11-ന്‌ നിലവില്‍വന്ന ഒരു സംഘടനയാണ്‌ യുനൈറ്റഡ് നാഷന്‍സ് ചില്‍ഡ്രന്‍ ഫണ്ട് അല്ലെങ്കില്‍ യുനിസെഫ് (UNICEF). നൂറ്റിത്തൊണ്ണൂറിലേറെ രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്നതാണ് യൂനിസെഫിന്‌റെ പ്രവര്‍ത്തനമേഖല. അത്യാവശ്യ സാധനങ്ങളായ വാക്സിനുകള്‍, മരുന്നുകള്‍, പോഷകാഹാരങ്ങള്‍, വിദ്യാഭ്യാസ സഹായങ്ങള്‍ എന്നിവ ഇവിടെ നിന്ന് വിതരണം ചെയ്യുന്നു) കണക്കാക്കുന്നത്. സ്കൂളിലെ കുട്ടികളുടെ കൊഴിഞ്ഞുപോക്കിന്റെ ശരാശരി 36 ശതമാനമാണ്. പെൺകുട്ടികളുടെത് അതിനേക്കാള്‍ കൂടുതല്‍. ആ നിലയ്ക്ക്, സ്ത്രീ വിദ്യാഭ്യാസം കൂടുതല്‍ പരിപോഷിപ്പിക്കാനും ബാലവേല നിരുത്സാഹപ്പെടുത്തുവാനുമുള്ള ധീരമായ ഒരു ചുവടുവെപ്പാണ്‌ ഈ നിയമം.
7ചാപ്‌റ്ററുകളും 38 സെക്‌ഷനും ഒരു ഷെഡ്യൂളും ഉള്‍പ്പെട്ടതാണ്‌ വിദ്യാഭ്യാസ അവകാശനിയമം. 
ചാപ്റ്ററുകള്‍
1.
പ്രാരംഭം,
2.
സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള അവകാശം
3.
ബന്ധപ്പെട്ട സര്‍ക്കാറുകള്‍, തദ്ദേശ സ്ഥാപനങ്ങള്‍, രക്ഷിതാക്കള്‍ എന്നിവരുടെ ചുമതലകള്‍
4.
വിദ്യാലയങ്ങളുടെയും അധ്യാപകരുടെയും ചുമതലകള്‍.
5.
പാഠ്യപദ്ധതിയും പ്രാഥമിക വിദ്യാഭ്യാസത്തിന്റെ പൂര്‍ത്തീകരണം
6.
കുട്ടികളുടെ അവകാശ സംരക്ഷണം.
7.
പലവക
 സവിശേഷതകള്‍
1.
പുതിയ നിയമമനുസരിച്ച്‌ ആറു മുതൽ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്ക്‌ അയല്‍പക്ക സ്‌കൂളില്‍ (neighborhood schools) വിദ്യാഭ്യാസം സൗജന്യവും നിര്‍ബന്ധിതവുമാകും.
2.
പഠനത്തിന്നാവശ്യമായ ചെലവ്‌ വഹിക്കാന്‍ കുട്ടി ബാധ്യസ്ഥനല്ല.
3.
നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം എന്നത്‌ സര്‍ക്കാറുകള്‍, തദ്ദേശസ്ഥാപനങ്ങള്‍, സ്‌കൂള്‍ അധികൃതര്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവരുടെ ഉത്തരവാദിത്തവും ചുമതലയുമാണ്‌.
4.
ആറ്‌ വയസ്സ്‌ കഴിഞ്ഞ കുട്ടി സ്‌കൂളില്‍ പോകാത്ത അവസ്ഥയിലാണെങ്കില്‍ അവന്റെ വയസ്സിന്‌ അനുയോജ്യമായ ക്ലാസില്‍ അവനെ പ്രവേശിപ്പിക്കേണ്ടതാണ്‌.
5.
അവന്റെ പഠനനിലവാരം മെച്ചപ്പെടുത്താന്‍ അവന്‌ പ്രത്യേക പരിശീലനം നല്‍കണം.
6.14
വയസ്സ്‌ കഴിഞ്ഞാലും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ അവന്‌ അവകാശമുണ്ടായിരിക്കും.
7.
പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനുള്ള സൗകര്യമില്ലാത്ത സ്‌കൂളിലാണ്‌ കുട്ടി പഠിക്കുന്നതെങ്കില്‍ അവിടെ നിന്നും കുട്ടിക്ക്‌ മറ്റേതെങ്കിലും സ്‌കൂളിലേക്ക്‌ മാറ്റം ആവശ്യപ്പെടാം. പക്ഷെ പ്രസ്‌തുത മാറ്റം അണ്‍എയ്‌ഡഡ്‌ സ്‌കൂളിലേക്കോ നവോദയ വിദ്യാലയം പോലുള്ള സ്‌പെസിഫൈഡ്‌ കാറ്റഗറിയില്‍ പെട്ട സ്‌കൂളിലേക്കോ ആവാന്‍ പാടില്ല. സര്‍ക്കാര്‍ സ്‌കൂളിലേക്കോ എയ്‌ഡഡ്‌ സ്‌കൂളിലേക്കോ ആവാം. ടി സി ഉടന്‍ നല്‍കേണ്ടതാണ്‌. അതിന്‌ കാലതാമസം വന്നാല്‍ സ്ഥാപനമേധാവി അച്ചടക്ക നടപടിക്ക്‌ വിധേയനാകും.

LATEST SUPREME COURT ORDER
വിദ്യാഭ്യാസ അവകാശ നിയമത്തില്‍ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് ഇളവ്. പിന്നാക്ക വിഭാഗങ്ങള്‍ക്ക് 25% സംവരണം നല്‍കേണ്ടതിലെ്ലന്നും സുപ്രീംകോടതി വിധിച്ചു. സര്‍ക്കാര്‍, എയ്ഡഡ് ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കും ഇളവ് ബാധകമാണ്.                            

മറ്റു സ്വകാര്യ സ്കൂളുകള്‍ വിദ്യാഭ്യാസ അവകാശ നിയമത്തിന്‍റെ പരിധിയില്‍ വരുമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. മാതൃഭാഷ വിദ്യാര്‍ഥികളില്‍ അടിച്ചേല്‍പ്പിക്കേണ്ടതല്ല. പഠനഭാഷ തിരഞ്ഞെടുക്കേണ്ടതു വിദ്യാര്‍ഥികളാണ്. വിദ്യാഭ്യാസ അവകാശം ഭരണഘടനാപരമാണെന്നും കോടതി പറഞ്ഞു.

സര്‍ക്കാറിന്റെ ചുമതലകള്‍
അയല്‍പക്ക ദൂരപരിധിയില്‍ വിദ്യാലയമില്ലെങ്കില്‍ ഈ നിയമം പ്രാബല്യത്തില്‍ വന്ന്‌ മൂന്ന്‌ വര്‍ഷത്തിനകം അവിടെ സ്‌കൂള്‍ സ്ഥാപിക്കേണ്ടതാണ്‌. ഈ നിയമം നടപ്പിലാക്കാനാവശ്യമായ ഫണ്ട്‌, കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ കൂട്ടുത്തരവാദിത്തമായിരിക്കും. സംസ്ഥാന സര്‍ക്കാറുകള്‍ക്ക്‌ അതതു സമയങ്ങളില്‍ കേന്ദ്രം സാമ്പത്തിക സഹായം ലഭ്യമാക്കും. സംസ്ഥാന സര്‍ക്കാറുകള്‍ക്ക്‌ കൂടുതല്‍ ധനകാര്യസ്വാതന്ത്ര്യം നല്‍കുന്നതിനും ശ്രമിക്കും. അക്കാദമിക്‌ വിദഗ്‌ധരെ ഉപയോഗപ്പെടുത്തി നാഷണല്‍ കരിക്കുലം ഫ്രെയിംവര്‍ക്ക്‌ കേന്ദ്രഗവണ്‍മെന്റ്‌ തയ്യാറാക്കും. നൂതനരീതികളും ഗവേഷണവും നൈപുണി വര്‍ധനവും മെച്ചപ്പെടുത്തുന്നതിന്നാവശ്യമായ സാങ്കേതിക പിന്തുണയും വിഭവങ്ങളും കേന്ദ്രഗവണ്‍മെന്റ്‌ സംസ്ഥാന സര്‍ക്കാറുകള്‍ക്ക്‌ നല്‍കുന്നതാണ്‌.
സൗജന്യവും നിര്‍ബന്ധിതവുമായ പ്രാഥമിക വിദ്യാഭ്യാസം നല്‍കുക എന്നതുതന്നെയാണ്‌ സംസ്ഥാന സര്‍ക്കാറുകളടെ പ്രഥമവും പ്രധാനവുമായ ചുമതല. ആറു മുതല്‍ 14 വയസ്സു വരെയുള്ള കുട്ടികള്‍ക്ക്‌ അയല്‍പക്ക വിദ്യാലയം ഉറപ്പാക്കുക, വിശിഷ്യാ, ദുര്‍ബല വിഭാഗത്തില്‍ പെട്ടവര്‍ക്കും ഇത്‌ ഉറപ്പുവരുത്തുക, കെട്ടിടം, സ്റ്റാഫ്‌, പഠനോപകരണം മുതലായവ ലഭ്യമാക്കുക, അധ്യാപകര്‍ക്ക്‌ പരിശീലനം നല്‍കുക, ഗുണമേന്മയുള്ള വിദ്യാഭ്യാസം യാഥാര്‍ഥ്യമാക്കുക എന്നീ ചുമതലകളും സംസ്ഥാന സര്‍ക്കാറില്‍ നിക്ഷിപ്‌തമായിരിക്കും.
തങ്ങളുടെ അധികാരപരിധിയില്‍ വരുന്ന ആറു വയസ്സുമുതല്‍ 14 വയസ്സുവരെയുള്ള കുട്ടികളുടെ രജിസ്റ്റര്‍ സൂക്ഷിക്കേണ്ട ചുമതല തദ്ദേശ സ്ഥാപനങ്ങള്‍ക്കായിരിക്കും. പ്രസ്‌തുത പ്രായപരിധിയില്‍പെട്ട ഓരോ കുട്ടിക്കും അയല്‍പക്ക സ്‌കൂളില്‍ പ്രവേശനം ലഭിച്ചുവെന്ന്‌ ഉറപ്പുവരുത്തേണ്ടതും തദ്ദേശ സ്ഥാപനങ്ങളാണ്‌. ദുര്‍ബലവിഭാഗത്തില്‍പെട്ട കുട്ടികള്‍ക്കും പ്രതികൂല സാഹചര്യത്തില്‍ വളര്‍ന്ന കുട്ടികള്‍ക്കും വിവേചനരഹിതമായ പ്രാഥമിക വിദ്യാഭ്യാസം ലഭിച്ചു എന്നും തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണം. ഈ കുട്ടികള്‍ കൃത്യമായി സ്‌കൂളില്‍ വരുന്നുണ്ടോ എന്നന്വേഷിക്കുകയും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നുണ്ടോ എന്ന്‌ അവര്‍ ഉറപ്പുവരുത്തുകയും വേണം. സ്‌കൂള്‍ കെട്ടിടം, സ്റ്റാഫ്‌, പഠനോപകരണം ലഭ്യമാക്കല്‍, അധ്യാപകപരിശീലന സൗകര്യമൊരുക്കല്‍, കുടിയേറ്റ കുടുംബങ്ങളിലെ കുട്ടികള്‍ക്ക്‌ വിദ്യാലയപ്രവേശനം ഉറപ്പാക്കല്‍, സ്‌കൂളിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കല്‍, സ്‌കൂള്‍ കലണ്ടര്‍ തീരുമാനിക്കല്‍ എന്നിവയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയാണ്‌. എന്നാല്‍ കുട്ടിയെ അയല്‍പക്ക സ്‌കൂളില്‍ ചേര്‍ക്കുന്ന ചുമതല രക്ഷിതാവിന്നാണ്‌.
ആറു വയസ്സ്‌ തികയുന്ന കുട്ടിക്കാണ്‌ ഒന്നാം ക്ലാസില്‍ പ്രവേശനം നല്‍കുക. എന്നാല്‍ മൂന്ന്‌ വയസ്സു മുതല്‍ ആറു വയസ്സുവരെയുള്ള കുട്ടികള്‍ക്ക്‌ പ്രീ സ്‌കൂള്‍ വിദ്യാഭ്യാസം നല്‍കുന്നതിന്‌ ബന്ധപ്പെട്ട സര്‍ക്കാറുകള്‍ സൗകര്യം ചെയ്‌തുകൊടുക്കേണ്ടതാണ്‌.
വിദ്യാലയങ്ങളുടെ ചുമതലകള്‍
സ്‌കൂളില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടികള്‍ക്ക്‌ സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം നല്‍കുകയെന്നത്‌ അധികൃതരുടെ ചുമതലയാണ്‌. അണ്‍എയ്‌ഡഡ്‌ സ്‌കൂളുകളും സ്‌പെസിഫൈഡ്‌ കാറ്റഗറിയില്‍ പെട്ട സ്‌കൂളുകളും ഒന്നാം ക്ലാസില്‍ പ്രവേശിപ്പിക്കപ്പെടുന്ന മൊത്തം സീറ്റുകളുടെ 25 ശതമാനം ദുര്‍ബലവിഭാഗത്തില്‍പെട്ടവര്‍ക്ക്‌ നല്‍കുകയും അവര്‍ക്ക്‌ സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്തുകയും വേണം. (ഈ നിബന്ധന പിന്നീട്‌ എടുത്തുകളഞ്ഞതായി അറിയുന്നു). സ്‌കൂള്‍ പ്രവേശനത്തിന്‌ കുട്ടിയില്‍ നിന്ന്‌ ക്യാപിറ്റേഷന്‍ ഫീസ്‌ വാങ്ങാനോ സ്‌ക്രീനിംഗ്‌ നടപടികള്‍ക്ക്‌ വിധേയനാക്കാനോ പാടില്ല. ഇതില്‍ വീഴ്‌ചവരുത്തുന്നവര്‍ക്ക്‌ കനത്ത പിഴ ഈടാക്കും. പ്രവേശനസമയത്ത്‌ വയസ്സ്‌ തെളിയിക്കുന്നതിന്‌ ജനനസര്‍ട്ടിഫിക്കറ്റോ തത്തുല്യമായ പ്രധാന രേഖകളോ കാണിക്കേണ്ടതാണ്‌. എന്നാല്‍ പ്രസ്‌തുതരേഖകളുടെ അഭാവം പ്രവേശനം നിഷേധിക്കാന്‍ കാരണമാകരുത്‌. പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതുവരെ കുട്ടിയെ തോല്‍പിക്കാനോ വിദ്യാലയത്തില്‍ നിന്ന്‌ പുറന്തള്ളാനോ പാടില്ല. കുട്ടിയെ ശാരീരികമായ ശിക്ഷയ്‌ക്കോ മാനസിക പീഡനത്തിനോ വിധേയമാക്കാന്‍ പാടില്ല.
ഈ നിയമം പ്രാബല്യത്തിലായതു മുതല്‍ സര്‍ക്കാര്‍, തദ്ദേശസ്ഥാപനങ്ങളൊഴികെ അംഗീകാര സര്‍ട്ടിഫിക്കറ്റ്‌ ലഭിക്കാതെ ഒരു വിദ്യാലയവും സ്ഥാപിക്കാന്‍ പാടുള്ളതല്ല. ഈ നിയമം പാലിക്കാത്ത വിദ്യാലയങ്ങളുടെ അംഗീകാരം റദ്ദാക്കുന്നതിനും റദ്ദാക്കിയതിനു ശേഷം സ്‌കൂള്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഒരു ലക്ഷം രൂപയും ലംഘനം തുടരുകയാണെങ്കില്‍ ഓരോ ദിവസത്തിന്‌ 10000 രൂപ തോതിലും പിഴ അടക്കുന്നതിന്‌ നിയമം വ്യവസ്ഥചെയ്യുന്നു. ഈ ആക്‌ട്‌ പ്രാബല്യത്തില്‍ വരുന്നതിന്‌ മുമ്പ്‌ സ്ഥാപിക്കപ്പെട്ട വിദ്യാലയങ്ങള്‍ക്ക്‌ ഷെഡ്യുളിലെ നിയമ,നിര്‍ദേശങ്ങള്‍ക്കനുസരിച്ച്‌ സ്വന്തം ചെലവില്‍ നടപടി പൂര്‍ത്തിയാക്കാന്‍ 3 വര്‍ഷം കാലാവധി അനുവദിക്കുന്നതാണ്‌.
മാനേജ്‌മെന്റ്‌ കമ്മിറ്റി
അണ്‍എയ്‌ഡഡ്‌ സ്‌കൂളുകളൊഴികെ മറ്റു വിദ്യാലയങ്ങളില്‍ (ഗവണ്‍മെന്റ്‌, എയ്‌ഡഡ്‌, സ്‌പെഷ്യല്‍ കാറ്റഗറി) മാനേജ്‌മെന്റ്‌ കമ്മിറ്റികള്‍ രൂപീകരിക്കേണ്ടതാണ്‌. തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട മെമ്പര്‍മാര്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവരടങ്ങിയതാണ്‌ കമ്മിറ്റി. മാനേജ്‌മെന്റ്‌ കമ്മിറ്റിയിലെ 75% അംഗങ്ങള്‍ രക്ഷിതാക്കളില്‍ നിന്നായിരിക്കണം. കമ്മിറ്റിയില്‍ ദുര്‍ബലവിഭാഗത്തില്‍ പെട്ട കുട്ടികളുടെ രക്ഷിതാക്കള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം നല്‍കണം. സ്‌കൂള്‍ പ്രവര്‍ത്തനം മോണിറ്റര്‍ ചെയ്യുക, സ്‌കൂള്‍ വികസന പ്ലാന്‍ തയ്യാറാക്കി ശിപാര്‍ശ ചെയ്യുക, സ്‌കൂളിന്‌ ലഭിക്കുന്ന ഗ്രാന്റിന്റെ വിനിയോഗം നിരീക്ഷിക്കുക തുടങ്ങിയവ മാനേജ്‌മെന്റ്‌ കമ്മിറ്റി അംഗങ്ങളുടെ ചുമതലകളായിരിക്കും.
അധ്യാപകരുടെ ചുമതലകള്‍
കൃത്യനിഷ്‌ഠയും സമയനിഷ്‌ഠയും പാലിക്കുക, നിര്‍ദേശിക്കപ്പെട്ട രീതിയില്‍ അധ്യാപനം നടത്തി കരിക്കുലം കൃത്യസമയത്ത്‌ പൂര്‍ത്തിയാക്കുക, ഓരോ കുട്ടിയുടെയും പഠനശേഷി വിലയിരുത്തുകയും ദുര്‍ബലരായവരെ കൂടുതല്‍ ശ്രദ്ധിക്കുകയും ചെയ്യുക, കൃത്യമായി രക്ഷിതാക്കളുടെ യോഗം ചേര്‍ന്ന്‌ കുട്ടികളുടെ നിലവാരവും പുരോഗതിയും അവരെ അറിയിക്കുക എന്നിവ അധ്യാപകരുടെ ചുമതലകളാണ്‌. ഈ കാര്യങ്ങളില്‍ അധ്യാപകന്‍ വീഴ്‌ച വരുത്തിയാല്‍ സര്‍വീസ്‌ റൂള്‍ പ്രകാരം നിയമനടപടിക്ക്‌ വിധേയനായിരിക്കും.                       
അധ്യാപക-വിദ്യാര്‍ഥിഅനുപാതം
അധ്യാപക-വിദ്യാര്‍ഥി അനുപാതത്തെക്കുറിച്ച്‌ ഷെഡ്യൂളില്‍ പ്രതിപാദിക്കുന്നുണ്ട്‌. ഈ ആക്‌ടിന്റെ ആരംഭംതൊട്ട്‌ ആറുമാസത്തിനകം ഷെഡ്യുളില്‍ പറഞ്ഞതുപ്രകാരമുള്ള അധ്യാപക-വിദ്യാര്‍ഥി അനുപാതം പാലിക്കേണ്ടതാണ്‌. ഈ അനുപാതം നിലനിര്‍ത്തുന്നതിനു അധ്യാപകനെ മറ്റു വിദ്യാലയങ്ങളിലേക്കും ഓഫീസുകളിലേക്കും മാറ്റുകയോ വിദ്യാഭ്യാസേതര ആവശ്യങ്ങള്‍ക്കായി പുനര്‍വിന്യസിക്കുകയോ ചെയ്യരുത്‌. അധ്യാപക ഒഴിവുകള്‍ അനുവദിക്കപ്പെട്ട തസ്‌തികകളുടെ 10 ശതമാനത്തില്‍ കവിയരുത്‌. സെന്‍സസ്‌, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍, തദ്ദേശഭരണം, നിയമസഭ-പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌ മുതലായ ഡ്യൂട്ടിക്കല്ലാതെ മറ്റു ഡ്യൂട്ടികള്‍ക്ക്‌ അധ്യാപകരെ പുനര്‍വിന്യസിക്കാന്‍ പാടില്ല. അധ്യാപകരുടെ സ്വകാര്യ ട്യൂഷനും സ്വകാര്യ അധ്യാപന പ്രവര്‍ത്തനങ്ങളും അനുവദിക്കുന്നതല്ല.
പാഠ്യപദ്ധതി
പാഠ്യപദ്ധതിയും മൂല്യനിര്‍ണയരീതിയും അതത്‌ സര്‍ക്കാറുകള്‍ രൂപീകരിക്കുന്ന അക്കാദമിക്‌ അധികൃതരുടെ ചുമതലയിലായിരിക്കും. പാഠ്യപദ്ധതി തയ്യാറാക്കുമ്പോഴും മൂല്യനിര്‍ണയ പ്രക്രിയയിലും ഭരണഘടന അനുശാസിക്കുന്ന മൂല്യങ്ങള്‍ക്ക്‌ അനുയോജ്യമായിരിക്കണം. കുട്ടിയുടെ അറിവും കഴിവും ശേഷിയുമടക്കം സര്‍വതോന്മുഖ പുരോഗതി ലക്ഷ്യമിടുന്നതായിരിക്കണമത്‌. പ്രവര്‍ത്തനാധിഷ്‌ഠിതവും വിദ്യാര്‍ഥി കേന്ദ്രീകൃതവുമായ രീതിയിലുള്ള പഠനം പരിഗണിക്കപ്പെടണം. മാതൃഭാഷയായിരിക്കണം പഠനമാധ്യമം. വീക്ഷണ സ്വാതന്ത്ര്യമനുവദിക്കുന്ന വിദ്യാര്‍ഥി സൗഹൃദപരമായ ബോധനതന്ത്രങ്ങള്‍ സ്വീകരിക്കപ്പെടണം. നിരന്തരവും സമഗ്രവുമായ മൂല്യനിര്‍ണയം നടക്കണം. പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതുവരെ യാതൊരു ബോര്‍ഡ്‌ പരീക്ഷകളും പാടില്ല.                                                                   
കുട്ടികളുടെഅവകാശസംരക്ഷണം
കുട്ടികളുടെ അവകാശ സംരക്ഷണമാണ്‌ ആറാമത്തെ ചാപ്‌റ്ററിലെ പ്രതിപാദ്യ വിഷയം. കുട്ടിയുടെ അവകാശവുമായി ബന്ധപ്പെട്ട പരാതികള്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ രേഖാമൂലം നല്‍കണം. ബന്ധപ്പെട്ടവുരുടെ വിശദീകരണം കേള്‍ക്കാന്‍ അവസരം ഉണ്ടായിരിക്കണം. എത്രയും പെട്ടെന്ന്‌ പ്രസ്‌തുത പരാതിയില്‍ തീര്‍പ്പ്‌ കല്‍പിക്കുകയും വേണം. തദ്ദേശ സ്ഥാപനാധികാരികളുടെ തീരുമാനം തൃപ്‌തമല്ലെങ്കില്‍ സംസ്ഥാന ചൈല്‍ഡ്‌ റൈറ്റ്‌സ്‌ പ്രൊട്ടക്‌ഷന്‍ കമ്മീഷന്‌ പരാതി നല്‍കാം.
ദേശീയ ഉപദേശക കൗണ്‍സില്‍
കേന്ദ്രഗവണ്‍മെന്റ്‌ 15 പേരില്‍ കവിയാത്ത ഒരു ദേശീയ ഉപദേശകസമിതി രൂപീകരിക്കും. ശിശു വികസനത്തിലും പ്രാഥമിക വിദ്യാഭ്യാസ രംഗത്തും അറിവും പ്രായോഗിക പരിചയവുമുള്ളവരായിരിക്കണം കമ്മിറ്റി അംഗങ്ങള്‍. ആക്‌ടിലെ വ്യവസ്ഥകള്‍ ഫലപ്രദമായി നടപ്പാക്കാന്‍ കേന്ദ്രഗവണ്‍മന്റിന്‌ ആവശ്യമായ നിര്‍ദേശം നല്‍കലാണ്‌ അഡൈ്വസറി കൗണ്‍സിലിന്റെ ചുമതല. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാര്‍/തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കും, സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങള്‍/സ്‌കൂള്‍ മാനേജ്‌മെന്റ്‌ എന്നിവയ്‌ക്കും, തദ്ദേശ സ്ഥാപനങ്ങള്‍ സ്‌കൂള്‍ മാനേജ്‌മെന്റിനും ഈ നിയമം നടപ്പാക്കുന്നത്‌ സംബന്ധമായി ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കേണ്ടതാണ്‌.
ചട്ടങ്ങള്‍ ഉണ്ടാക്കാനുള്ള അധികാരം
ബന്ധപ്പെട്ട സര്‍ക്കാറുകള്‍ ഈ നിയമം നടപ്പാക്കുന്നതിന്നാവശ്യമായ ചട്ടങ്ങള്‍ ഉണ്ടാക്കണമെന്ന്‌ നിര്‍ദേശമുണ്ട്‌. ഇതില്‍ പ്രത്യേക പരിശീലനം, സമയപരിധി, അയല്‍പക്ക വിദ്യാലയത്തിന്റെ ഏരിയ, വയസ്സ്‌ തെളിയിക്കുന്ന രേഖ, അംഗീകാരത്തിനു വേണ്ടി അപേക്ഷ നല്‍കേണ്ട രീതി, സ്‌കൂള്‍ മാനേജിംഗ്‌ കമ്മിറ്റിയുടെ മറ്റു ചുമതലകള്‍, അധ്യാപകരുടെ സേവന-വേതന വ്യവസ്ഥകള്‍, അധ്യാപകരുടെ ചുമതലകള്‍ തുടങ്ങി 18 കാര്യങ്ങളില്‍ പ്രത്യേകമായ ചട്ടങ്ങള്‍ ഉണ്ടാക്കാന്‍ സര്‍ക്കാറുകള്‍ക്ക്‌ അധികാരം ഉണ്ടായിരിക്കും.സംസ്ഥാന സര്‍ക്കാറുകളുണ്ടാക്കുന്ന നിയമങ്ങളും വ്യവസ്ഥകളും നിയമനിര്‍മാണ സഭക്ക്‌ മുമ്പാകെ സമര്‍പ്പിക്കേണ്ടതാണ്‌.
ആശയും ആശങ്കയും
വിദ്യാഭ്യാസ അവകാശ നിയമത്തില്‍ ആശയേറെയുണ്ടെങ്കിലും ആശങ്കയും നിലനില്‍ക്കുന്നുണ്ട്‌. നിയമത്തിന്റെ സൂക്ഷ്‌മതലങ്ങളില്‍ പോരായ്‌മകളുണ്ട്‌. ബില്ലുകളേതും കുറ്റമറ്റതല്ല. എന്നാല്‍ പോരായ്‌മകള്‍ നികത്തി ഈ ബില്‍ കുറ്റമറ്റതാക്കണം.ആറു മുതല്‍ 14 വയസ്സു വരെയുള്ള എല്ലാ കുട്ടികള്‍ക്കും അയല്‍പക്കസ്‌കൂളില്‍ സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം, കുട്ടിയുടെ പ്രായത്തിനു അനുയോജ്യമായ ക്ലാസില്‍ പ്രവേശനം, പ്രവേശനത്തിന്‌ ക്യാപിറ്റേഷന്‍ ഫീ പാടില്ല, സ്‌ക്രീനിംഗ്‌ ടെസ്റ്റിന്‌ വിധേയനാക്കപ്പെടരുത്‌, വയസ്സ്‌ തെളിയിക്കുന്ന രേഖ കൈവശമില്ലെങ്കിലും പ്രവേശനം നല്‍കണം, മാനേജിംഗ്‌ കമ്മിറ്റി രൂപീകരണം, ക്വാളിറ്റി വര്‍ധനയ്‌ക്കുള്ള നടപടികള്‍, ക്വാളിഫൈഡായ അധ്യാപകരുടെ നിയമനം, പുതിയ വിദ്യാര്‍ഥി-അധ്യാപക അനുപാതം, പ്രശ്‌നപരിഹാര സെല്‍ എന്നിവ പ്രശംസനീയമായ കാര്യങ്ങളാണ്‌.
അതേസമയം, ആശങ്കനിലനില്‍ക്കുന്ന വ്യവസ്ഥകളും ഈ ബില്ലിലുണ്ട്‌. ഉദാഹരണത്തിന്‌ ബില്‍ പ്രകാരം ഒന്നു മുതല്‍ 5 വരെ ലോവര്‍ പ്രൈമറിയും 6 മുതല്‍ 8 വരെ അപ്പര്‍ പ്രൈമറിയുമായാണ്‌ വിഭാവനചെയ്യുന്നത്‌. ഇപ്പോള്‍ ഹൈസ്‌കൂളിന്റെ ഭാഗമായ 8-ാം ക്ലാസ്‌ എലിമെന്ററി തലത്തിലേക്ക്‌ ഇറക്കേണ്ടിവരും. ഇതുണ്ടാക്കുന്ന സങ്കീര്‍ണതകള്‍ പഠിച്ച്‌ ആവശ്യമായ മാറ്റങ്ങള്‍ വരുത്തണം. ഷെഡ്യൂളില്‍ ഭാഷാപഠനം 6 മുതല്‍ക്കാണ്‌ രേഖപ്പെടുത്തിക്കാണുന്നത്‌. കേരളത്തില്‍ ഒന്നാം ക്ലാസ്‌ മുതല്‍ അറബിഭാഷയും 5 മുതല്‍ മറ്റു മൈനര്‍ ഭാഷകളും പഠിപ്പിക്കുന്ന രീതി മാറുമ്പോള്‍ അത്‌ ഭാഷാപഠനരംഗത്ത്‌ പ്രയാസങ്ങള്‍ സൃഷ്‌ടിക്കും. ഇതിന്‌ പരിഹാരം കാണേണ്ടതുണ്ട്‌. അതുപോലെ പുതിയ വിദ്യാഭ്യാസ അവകാശനിയമം നടപ്പിലാവുമ്പോള്‍ ക്വാളിറ്റിയില്‍ ഇടിവു സംഭവിക്കുമോ എന്ന ആശങ്കയുമുണ്ട്‌. കൊഴിഞ്ഞുപോയ കുട്ടികളെയും 14 വയസ്സു കഴിഞ്ഞിട്ടും 8-ാംക്ലാസ്‌ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത കുട്ടികളെയും വീണ്ടും സ്‌കൂളിലേക്ക്‌ പ്രവേശിപ്പിക്കുമ്പോള്‍ അത്തരം കുട്ടികള്‍ പ്രത്യേക പരിശീലനം നല്‍കാനുള്ള വ്യവസ്ഥയുണ്ടെങ്കിലും എത്രത്തോളം അത്‌ ഫലപ്രദമാകും എന്ന ഉത്‌കണ്‌ഠ അസ്ഥാനത്തല്ല.കഠിനപ്രയത്‌നത്തിലൂടെ മാത്രമേ ക്വാളിറ്റി നിലനിര്‍ത്താനാവൂ. ദേശീയാടിസ്ഥാനത്തില്‍ വിപ്ലവകരമായ മാറ്റം ലക്ഷ്യമിടുന്ന ഈ നിയമത്തെ കേരളത്തിന്റെ പശ്ചാത്തലത്തില്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.
DOWNLOAD PDF FROM HERE

Downloads:

No comments:

Post a Comment

© hindiblogg-a community for hindi teachers
  

TopBottom