ഇക്കൊല്ലത്തെ എസ്.എസ്.എല്‍.സി.ഹിന്ദി പരീക്ഷയും കഴിഞ്ഞു. ഒറ്റ നോട്ടത്തില്‍ ഏതായാലും ചോദ്യം ലളിതമായിരിക്കുന്നു. അധ്യാപകന്റെ ഒരു വര്‍ഷത്തെ പിരിമുറുക്കം ഒഴിവായതായി പറയാവുന്നതാണ്. എന്നാലും ലക്ഷക്കണക്കിന് കുട്ടികളെഴുതുന്ന പരീക്ഷയുടെ ചോദ്യപേപ്പര്‍ കുറ്റമറ്റതാവണം എന്നത് ഒരത്യാഗ്രഹമാണോ? ഗുണമേന്മയുള്ള വിദ്യാഭ്യാസത്തോടൊപ്പം ഗുണമേന്മയുള്ള മൂല്യനിര്‍ണ്ണയവും കുട്ടിയുടെ അവകാശമല്ലേ? എന്നാണ് നമ്മുടെ ചോദ്യപേപ്പറുകള്‍ അദ്ധ്യാപകനും കുട്ടിയും ആഗ്രഹിക്കുന്ന നിലവാരത്തിലെത്തുക? പ്രിയ വായനക്കാരാ, താങ്കള്‍ ഇപ്പോഴും മൗനം പാലിക്കുകയാണോ?സ്കീം ഫൈനലൈസേഷന്‍ ഉടനുണ്ടാകും. താങ്കളുടെ അഭിപ്രായങ്ങള്‍ ചിലപ്പോള്‍ അവിടെയും എത്തിയേക്കാം.ഈ വിശകലനം വായിയ്ക്കു...താങ്കള്‍ക്ക് പറയാനുള്ളതും തുറന്നു പറയൂ..... |
1. ചോദ്യം 2ഇംഗ്ലീഷ് പദങ്ങള്‍ക്ക് സമാനമായ ഹിന്ദി പദങ്ങള്‍ ഉപയോഗിച്ച് വാക്യം മാറ്റിയെഴുതാന്‍ പറഞ്ഞതില്‍ लेकिन माँ की बीमारी के कारण Cancellation करना पड़ा എന്ന് കൊടുത്തത് ശരിയായില്ല. ഇംഗ്ലീഷില്‍ Cancel करना पड़ा എന്ന് മതിയായിരുന്നു. ഹിന്ദിയില്‍ रद्द करना पड़ा എന്നും. അല്‍പം കൂടിസൂക്ഷ്മമായി നോക്കിയാല്‍ रद्द करनी पड़ी എന്നാണ് ശരിയാവുക കാരണം ഇവിടെ കര്‍മ്മമായ टिकट സ്ത്രീലിംഗപദമാണ്. തൊപ്പിക്കനുസരിച്ച് തലമുറിച്ചു ശരിയാക്കിയതിന്റെ പ്രശ്നം ഇവിടെകാണാവുന്നതാണ്. उनको एक Operation था എന്ന വാക്യത്തിലെ operation എന്ന പദത്തിന് പകരമായ शल्यक्रिया സ്ത്രീലിംഗ പദമായതുകൊണ്ട് शल्यक्रिया थी എന്നെഴുതിയാല്‍ മാര്‍ക്ക് കൊടുക്കേണ്ടി വരുമോ? എഴുതാതിരുന്നാല്‍ पुनर्लेखन ശരിയാകുമോ? എന്നാല്‍ उनकी एक शल्यक्रिया थी എന്ന് ഉത്തരം വരുന്ന രീതിയില്‍ വരുന്നതാണ് കൂടുതല്‍ ഉചിതമായിട്ടുള്ളത് എന്ന് കാണാന്‍ കഴിയുന്നതാണ്.
2. ചോദ്യം 3 ല്‍ രണ്ട് സംഭവങ്ങള്‍ ബ്രാക്കറ്റില്‍ കൊടുത്തിരിക്കുന്നു. ബ്രാക്കറ്റില്‍ കൊടുത്തിരിക്കുന്ന വാക്യങ്ങളുടെ ക്രമം മാറ്റിയെഴുതി (ആദ്യത്തേത് നാലാമത്തേതായും രണ്ടാമത്തേത് രണ്ടാമത്തേതായും) വിട്ടസ്ഥലം പൂരിപ്പിച്ചാല്‍ ഉത്തരം ശരിയായി. शामका खाना पकाने की जिम्मेदारी बंसंती पर सौंप दिया എന്നതിന് പകരം शाम का खाना पकाने की जिम्मेदारी बसंती को सौंप दिया എന്നതായിരുന്നു ശരി, കാരണം ഇവിടെ संप्रदान कारक ആണ് ശരി. രണ്ടെണ്ണം ബ്രാക്കറ്റില്‍ കൊടുക്കുന്നത് ഏത് കുട്ടിക്കും മാര്‍ക്ക് ലഭിക്കാന്‍ സഹായകരമായിരിക്കുന്നു. ചോദ്യത്തിന്റെ നിലവാരത്തകര്‍ച്ചക്ക് ഇത് കാരണമാകില്ലേ എന്ന സംശയം നിലനില്‍ക്കുന്നു.
3. 5 മുതല്‍ 7 വരെ ചോദ്യങ്ങള്‍ പൊതുവേ विश्लेषणात्मक प्रश्न എന്നാണ് പറയപ്പെടാറുള്ളത്. അതുകൊണ്ടുതന്നെ ഈ ചോദ്യങ്ങളുടെ കൂടെ अपना मत प्रकट करें, आपकी प्रतिक्रिया क्या है, आपका विचार क्या है, आप कहाँ तक सहमत हैं എന്നൊക്കെ ചോദിച്ചുകാണാറുണ്ട്. എന്നാല്‍ ചോദ്യം 7 ഒഴികെ മറ്റുചോദ്യങ്ങളിലൊന്നും അത്തരം സൂചനകള്‍ കാണാന്‍ കഴിഞ്ഞില്ല. ചോദ്യം 7ല്‍ किनके प्रतीक हो सकते हैं എന്നായിരുന്നു വേണ്ടിയിരുന്നത്.
4. ചോദ്യം 8ല്‍ कॉलेज के पहले दिन की डायरी എഴുതാനുള്ള നിര്‍ദ്ദേശം കൊടുക്കണമായിരുന്നു. കൊടുത്തിരിക്കുന്ന ചോദ്യത്തില്‍ ഏത് ദിവസത്തെ ഡയറിയെഴുതണമെന്ന് വ്യക്തമല്ല. उस दिन की डायरी तैयार करें എന്നതിന് किस दिन की എന്ന് കുട്ടികള്‍ തിരിച്ചുചോദിച്ചാല്‍ എന്തുപറയുമെന്ന് ആലോചിക്കേണ്ടിയിരിക്കുന്നു.
5. പോസ്റ്റര്‍ രചനക്കായി കൊടുത്ത ചോദ്യം 9 ന് കുട്ടികള്‍ 4 മാര്‍ക്ക് ലഭിക്കാന്‍മാത്രം തൃപ്തികരമായ ഉത്തരം എഴുതുമെന്ന് തോന്നുന്നില്ല. 3-4 വരിയെഴുതിവെക്കാനാണ് സാധ്യത. ഇത്തരം ( 4 മാര്‍ക്കിന്റെ) ചോദ്യങ്ങള്‍ക്ക് എന്തെങ്കിലും പരിപാടി സംബന്ധിച്ച പോസ്റ്ററാണ് കൂടുതല്‍ ഉചിതമായിട്ടുള്ളത്. കുട്ടികള്‍ക്ക് എഴുതാനും വിലയിരുത്താനുള്ള സൂചകങ്ങള്‍ കൊടുക്കാനും അത് സഹായകരമായിരിക്കും.
6. കത്തെഴുതാനായി കൊടുത്ത ചോദ്യം 10फारसी पत्रकार द्वारा मित्र के नाम लिखनेवाला पत्र എന്നത് വ്യാകരണപരമായി തെറ്റാണ്. लिखा जानेवाला पत्र എന്ന് ചേര്‍ന്നാലാണ് വാക്യം കൂടുതല്‍ ശരിയാകുന്നത്.
7. 12 മുതല്‍ 14 വരെ ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതാനുള്ള കവിതാഭാഗം തുടങ്ങുന്നത് तरूण എന്ന് തെറ്റായി കൊടുത്തുകൊണ്ടാണ്. तरुण എന്നായിരുന്നു വേണ്ടിയിരുന്നത്. കവിതാഭാഗം തീരെ ചെറുതായിപ്പോയതായി. എട്ടാം തരത്തിലെ പരീക്ഷക്ക് 12 വരി കവിത കൊടുത്തപ്പോള്‍ എസ്.എസ്.എല്‍.സി. പരീക്ഷക്ക് 5 വരിയുള്ള കവിതാഭാഗം ഉചിതമായി തോന്നിയില്ല. കഠിനപദങ്ങള്‍ എന്ന രീതിയില്‍ अतुल എന്ന പദത്തിന് असीम എന്ന് അര്‍ത്ഥം കൊടുത്തിരിക്കുന്നത് ആശയക്കുഴപ്പത്തിനിടയാക്കുന്നു. अतुल എന്നാല്‍ തുലനം ചെയ്യാന്‍ പറ്റാത്തത് എന്നും असीम എന്നാല്‍ അതിരില്ലാത്തത് എന്നുമാണ് അര്‍ത്ഥം. ചോദ്യം 12ല്‍ 5 വരിയെ കവിത എന്ന് തന്നെ പറഞ്ഞിരിക്കുന്നു. ഇത് कविता ആണോ कवितांश ആണോ എന്ന് സംശയിപ്പിക്കുന്നു.
8. ചോദ്യം 16ല്‍ बहन എന്നതിന് വിശേഷണമായി छोटी എന്നോ बूढ़ी എന്നോ എഴുതാവുന്നതാണ്. बहन എന്നതിനും माँ എന്നതിനും बूढ़ी എന്ന വിശേഷണം എഴുതാവുന്നതാണ്.
9. ചോദ്യം 17ലെ രണ്ടാമത്തെ വാക്യം देर से स्कूल पहुँचा എന്നായിരുന്നു ഉചിതം. കാരണം लुप्त कारक പ്രയോഗമാണ് ഇവിടെ കൂടുതല്‍ യോജിക്കുന്നത്. स्कूल में देर से पहुँचा എന്നത് ശരിയായില്ല.
10. 18 മുതല്‍ 21 വരെ ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതാനായി കൊടുത്ത ഗദ്യഭാഗം വേണ്ടത്ര ഉചിതമായില്ല. सवाल बहुत गंभीर है എന്ന് തുടങ്ങിയത് അനാവശ്യമായിത്തോന്നി. നന്നായി അറിയാത്ത കുട്ടി നിഷ്കളങ്കമായി ചോദ്യം 21ന് ഉത്തരമായി सवाल बहुत गंभीर है എന്ന് ഉത്തരമെഴുതിയാല്‍ മൂല്യനിര്‍ണ്ണയകേന്ദ്രത്തില്‍ കൂട്ടച്ചിരിക്ക് ഉയര്‍ന്ന സാധ്യതയുണ്ട്. एक बच्चा सोचेगा എന്നതിന് പകരം एक यात्री सोचेगा എന്നായാല്‍ നന്നാകുമായിരുന്നു. ഗദ്യഭാഗത്തിലെ അവസാനത്തെ വാക്യവും യോജിക്കാതെ മുഴച്ചുനില്‍ക്കുന്നതായി കാണാം. ചോദ്യങ്ങള്‍ സൃഷ്ടിച്ചതിന് ശേഷം 'പണിപ്പെട്ട്'അതിന് പറ്റിയ ഗദ്യഭാഗം സൃഷ്ടിച്ചതാണെന്ന് വ്യക്തമാകുന്നു. ചോദ്യം 21 ലെ प्रयोजन മലയാളത്തിന്റെ സ്വാധീനമാണെന്ന് കാണാം. ഇവിടെ लाभ എന്ന പദമാണ് ഉചിതമായിട്ടുള്ളത്. അതായത് വാക്യം पेड़ से हमें क्या-क्या लाभ हैं? എന്നായാല്‍ നന്നാകും. കാരണം മലയാളത്തിലെ പ്രയോജനവും ഹിന്ദിയിലെ प्रयोजन ഉം ഒരേ അര്‍ത്ഥമുള്ള പദങ്ങളല്ല.
ഏതായാലും ചോദ്യം ലളിതമായിരിക്കുന്നു. അധ്യാപകന്റെ ഒരു വര്‍ഷത്തെ പിരിമുറുക്കം ഒഴിവായതായി പറയാവുന്നതാണ്. എന്നാലും ലക്ഷക്കണക്കിന് കുട്ടികളെഴുതുന്ന പരീക്ഷയുടെ ചോദ്യപേപ്പര്‍ കുറ്റമറ്റതാവണം എന്നത് ഒരത്യാഗ്രഹമായിത്തന്നെ നിലനില്‍ക്കുകയും ചെയ്യുന്നു.